06:15pm 14 October 2026
NEWS
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യ സഖ്യം നൽകിയ ഹർജിയിൽ പിഴവുകൾ; സുപ്രീംകോടതി രജിസ്ട്രി ചൂണ്ടിക്കാട്ടിയത് പത്തിലധികം ന്യൂനതകൾ
13/10/2026  06:19 AM IST
nila
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യ സഖ്യം നൽകിയ ഹർജിയിൽ പിഴവുകൾ; സുപ്രീംകോടതി രജിസ്ട്രി ചൂണ്ടിക്കാട്ടിയത് പത്തിലധികം ന്യൂനതകൾ

ന്യൂഡൽഹി: തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിലെ (എസ്.ഐ.ആർ.) ക്രമക്കേടുകളും ഫോം ആറിലെ ഭേദഗതികളും ചോദ്യംചെയ്ത് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യ സഖ്യ നേതാക്കൾ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിൽ പത്തിലധികം പിഴവുകൾ ചൂണ്ടിക്കാട്ടി കോടതി രജിസ്ട്രി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ തിരിച്ചറിയൽ രേഖയുടെ വ്യക്തമായ പകർപ്പ് സമർപ്പിക്കണമെന്നും ഹർജിയിലെ ചില പേജുകൾ വായിക്കാൻ കഴിയുന്നില്ലെന്നും രജിസ്ട്രി വ്യക്തമാക്കി. കോടതി ഫീസിൽ 200 രൂപയിലധികം കുറവുണ്ടെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഹർജി ചൊവ്വാഴ്ച പരിഗണിച്ചേക്കും

തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടികളെ ചോദ്യംചെയ്ത് പ്രതിപക്ഷ നേതാക്കൾ നൽകിയ ഹർജി ചൊവ്വാഴ്ച സുപ്രീംകോടതി പരിഗണിച്ചേക്കുമെന്നാണ് സൂചന. എസ്.ഐ.ആറുമായി ബന്ധപ്പെട്ട മറ്റു ഹർജികളും അന്നേ ദിവസം പരിഗണനയ്ക്കു വരുന്നുണ്ട്. ഇതോടൊപ്പം ഇന്ത്യ സഖ്യ നേതാക്കളുടെ ഹർജിയും കേൾക്കുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് കഴിഞ്ഞദിവസം സൂചന നൽകിയിരുന്നു. ഹർജി അന്ന് പരിഗണിച്ചില്ലെങ്കിൽ അടിയന്തരമായി ലിസ്റ്റ് ചെയ്യണമെന്ന് അഭിഭാഷകർ കോടതിയോട് ആവശ്യപ്പെടും.

തിരഞ്ഞെടുപ്പ് കമ്മിഷൻ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ, തിരഞ്ഞെടുപ്പ് കമ്മിഷണർമാരായ സുഖ്ബീർ സിങ് സന്ധു, വിവേക് ജോഷി എന്നിവരെയാണ് ഹർജിയിൽ എതിർകക്ഷികളാക്കിയിരിക്കുന്നത്.

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എന്നിവർക്കു പുറമെ തൃണമൂൽ കോൺഗ്രസിന്റെ സൗഗത റോയ്, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, ആർ.ജെ.ഡി. നേതാവ് തേജസ്വി യാദവ്, ശിവസേന (ഉദ്ധവ് വിഭാഗം) നേതാവ് സഞ്ജയ് റാവത്ത്, സി.പി.എം. ജനറൽ സെക്രട്ടറി എം.എ. ബേബി, സി.പി.ഐ. ജനറൽ സെക്രട്ടറി ഡി. രാജ, ജെ.എം.എം. നേതാവ് മഹുവ മാഝി, എൻ.സി.പി. (ശരദ് പവാർ വിഭാഗം) നേതാവ് സുപ്രിയ സുലെ, മുസ്‌ലിം ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീർ എന്നിവരും ഹർജിയിൽ ഒപ്പുവെച്ചിട്ടുണ്ട്.

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ സുപ്രീംകോടതിയിലേക്ക് മാർച്ച് നടത്തി നേരിട്ട് ഹർജി സമർപ്പിക്കാനായിരുന്നു ഇന്ത്യ സഖ്യത്തിന്റെ നീക്കം. എന്നാൽ, മാർച്ച് കോടതി പരിസരത്തെത്തിയപ്പോഴേക്കും രജിസ്ട്രിയുടെ പ്രവർത്തനസമയം അവസാനിക്കാറായതിനാൽ ഹർജി ഓൺലൈനായി ഫയൽ ചെയ്യുകയായിരുന്നു. തുടർന്ന് രാഹുൽ ഗാന്ധിയും മറ്റ് പ്രതിപക്ഷ നേതാക്കളും സുപ്രീംകോടതിയിലെത്തി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img